#NotInMyName നിങ്ങള്‍ എന്നെ പ്രതിനിധീകരിക്കുന്നില്ല, എന്റെ സമുദായത്തെയും
ആ കുട്ടികള്‍ ചെയ്തത് ശരിയോ തെറ്റോ എന്ന് നാട്ടുക്കൂട്ടം വിധിക്കാനും ശിക്ഷ നടപ്പാക്കാനും അവര്‍ താമസിക്കുന്നത് ഫേസ്ബുക് ഘാപ് പഞ്ചായത്തിലല്ല. ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തിലാണ്. ഒരു വ്യക്തിക്ക് ഏതു മതം സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള അവകാശമുണ്ട് എന്ന് ദിവസങ്ങള്‍ക്കു മുമ്പ് മാത്രം അര്ഥശങ്കക്കിടയില്ലാതെ വിധിച്ച പരമോന്നത നീതിപീഠം സ്ഥിതി ചെയ്യുന്ന അതേ ഇന്ത്യയിലാണ് ആ കുട്ടികള്‍ ചുവട് വെച്ചത്.
2015 ല്‍ പാരീസില്‍ നടന്ന വിവിധ തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് NotInMyName എന്ന ഹാഷ് ടാഗ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമാവുന്നത്. ഇസ്‌ലാമിന്റെ പേരില്‍ നടക്കുന്ന വിവിധ തീവ്രവാദി ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആ മതത്തില്‍ വിശ്വസിക്കുന്ന ഭൂരിപക്ഷ സമൂഹത്തിനില്ല എന്നും അതിനെ അപലപിക്കുന്നുവെന്നും ആ ക്യാമ്പയിന്‍ ലോകത്തോട് പറഞ്ഞു. വര്‍ധിച്ചു വരുന്ന ഇസ്ലാമോഫോബിയക്കെതിരെ സാധാരണ മുസ്ലിംകളുടെ ഒരു ചുവടുവെപ്പായിരുന്നു അത്.
പിന്നീട് ഏറിയും കുറഞ്ഞും ഒരു വിഭാഗത്തിന്റെ പേരില്‍ നടക്കുന്ന എല്ലാ തരം അക്രമങ്ങളെ അപലപിക്കാനും ഈ ഹാഷ് ടാഗ് ഉപയോഗിച്ച് വരുന്നുണ്ട്. ഗോവധത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ ഉത്തരേന്ത്യയില്‍ വ്യാപകമാവാന്‍ തുടങ്ങിയപ്പോള്‍ ഇന്ത്യയിലെ ഭൂരിപക്ഷ ഹിന്ദു സമൂഹവും ഇതേ ക്യാമ്പയിനുമായി രംഗത്തെത്തിയിരുന്നു.
രണ്ടുദിവസമായി മലയാളി സോഷ്യല്‍ മീഡിയ സമൂഹത്തിലെ തീ പിടിച്ച ചര്‍ച്ച മലപ്പുറത്തെ ഒരു ഫ്ലാഷ്മോബ് ആണ്. അതിനെ പുകഴ്ത്തിയും ഇകഴ്ത്തിയുമുള്ള കമെന്റുകള്‍ ഒരുപാട് വന്നു കഴിഞ്ഞു. അതിനിടയില്‍ പ്രചരിക്കുന്ന ഒരു സ്‌ക്രീന്‍ഷോട്ട് ആണ് ഈ കുറിപ്പെഴുതാനുള്ള പ്രേരണ. ആ പെണ്‍കുട്ടികളെ വളരെ മോശം ഭാഷയില്‍ അധിക്ഷേപിക്കുന്ന, തികച്ചും സ്ത്രീവിരുദ്ധമായ കമന്റുകള്‍. ആ കുട്ടികള്‍ ചെയ്തത് ശരിയോ തെറ്റോ എന്ന് നാട്ടുക്കൂട്ടം വിധിക്കാനും ശിക്ഷ നടപ്പാക്കാനും അവര്‍ താമസിക്കുന്നത് ഫേസ്ബുക് ഘാപ് പഞ്ചായത്തിലല്ല. ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തിലാണ്. ഒരു വ്യക്തിക്ക് ഏതു മതം സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള അവകാശമുണ്ട് എന്ന് ദിവസങ്ങള്‍ക്കു മുമ്പ് മാത്രം അര്ഥശങ്കക്കിടയില്ലാതെ വിധിച്ച പരമോന്നത നീതിപീഠം സ്ഥിതി ചെയ്യുന്ന അതേ ഇന്ത്യയിലാണ് ആ കുട്ടികള്‍ ചുവട് വെച്ചത്.
അതിക്രമങ്ങളെന്നാല്‍ കൊലപാതകങ്ങളോ കൈ വെട്ടുകളോ മാത്രമല്ല
തൊണ്ണൂറുകളുടെ ആദ്യപാദത്തില്‍ മുസ്ലിം സമൂഹത്തിനു നേരെയുള്ള അതിക്രമങ്ങള്‍ പ്രമേയമാക്കി ഒരു മുസ്ലിം തീവ്രവാദ സംഘടന വളര്‍ന്നു വരുമ്പോള്‍, അവരെ മുഖ്യധാരയില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള ബോധപൂര്‍വമായ ഒരു ശ്രമം കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു എന്നാണറിവ്. പള്ളിക്കമ്മിറ്റികളില്‍ നിന്നും മറ്റു പ്രമുഖ മതരാഷ്ട്രീയ സ്ഥാനങ്ങളില്‍ നിന്നും അവരെ ഒഴിച്ച് നിര്‍ത്തിയിരുന്നു. അന്നൊരു കുട്ടിയായിരുന്നെങ്കിലും മതരാഷ്ട്രീയ സംഘടനകളുമായി അടുത്തുനിന്നിരുന്ന ഒരു കുടുംബത്തിലിരുന്ന് കിട്ടിയ ചെറിയ ഓര്‍മകളാണ്. പിന്നീടങ്ങോട്ട് ഈ അതിര്‍വരമ്പുകള്‍ നേര്‍ത്തു വരുന്ന ഒരു കാഴ്ച ഒരിത്തിരി ആശങ്കകളോടെ കണ്ടു നില്‍ക്കേണ്ടി വരുന്നു. തീവ്ര ആശയങ്ങള്‍ വോട്ട് ബാങ്കുകളുടെ പേരില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളോട് കൈ കോര്‍ക്കുന്നതും മുഖ്യധാരയില്‍ ഇടം പിടിക്കുന്നതും നമ്മള്‍ കണ്ടതാണ്.
മതത്തിന്റെ പേരിലുള്ള ആക്രോശങ്ങള്‍, അതിക്രമങ്ങള്‍ ഇവയില്‍ നിന്നൊക്കെ വേണ്ട വിധത്തില്‍ അകന്നു നില്‍ക്കാനും അവയെ കൃത്യമായ വാക്കുകളില്‍ അപലപിക്കാനും കേരളത്തിലെ മുസ്ലിം സമൂഹത്തിന് കഴിയുന്നുണ്ടോ എന്നതാണ് ചോദ്യം. അതിക്രമങ്ങളെന്നാല്‍ കൊലപാതകങ്ങളോ കൈ വെട്ടുകളോ മാത്രമല്ല. മറ്റു സമുദായങ്ങളോടോ മത വിഭാഗങ്ങളോടോ ഉള്ള വെല്ലുവിളികള്‍, പരിഹാസങ്ങള്‍, സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപങ്ങള്‍, പൊതുസമൂഹത്തിലെ ചെളി വാരിയെറിയലുകള്‍ എല്ലാം അതില്‍ വരും.
ഇത്തരം സാഹചര്യങ്ങളില്‍, പാരീസില്‍ തീവ്രവാദി ആക്രമണമുണ്ടാവുമ്പോള്‍ അപലപിക്കുന്ന അതെ സ്വരത്തില്‍, അതിലേറെ ഉറച്ച സ്വരത്തില്‍ കേരളത്തിലെ മുസ്ലിംകള്‍, സോഷ്യല്‍ മീഡിയയിലെ മുസ്ലിംകള്‍ പറയേണ്ടിയിരിക്കുന്നു.
notinmyname. നിങ്ങള്‍ എന്നെ പ്രതിനിധീകരിക്കുന്നില്ല, എന്റെ സമൂഹത്തെയും.
കാരണം, അതാണ് സത്യം. ശരിയും.
Post Comment
No comments
Post a Comment