അങ്ങനെയെങ്കില്‍ വൈശാലിയും സ്ത്രീവിരുദ്ധമല്ലേ..? ചിരിക്കാതെ വയ്യ..!
' കസബ 'യിലെ സ്ത്രീവിരുദ്ധതയൊക്കെപ്പറ്റി പറഞ്ഞാൽപിന്നെ വൈശാലിയെയും ആദാമിന്റെ വാരിയെല്ലിനെയും എന്തിന് നിർമാല്യത്തെക്കുറിച്ചുമൊക്കെ നിങ്ങൾ പുനർവായന നടത്തുമോ..? അങ്ങനെ വായിച്ചാൽ മലയാളത്തിലെ ക്ളാസിക്കെന്നൊക്കെ വിശേഷിപ്പിച്ച വൈശാലിയുടെ കഥയെന്താണ്..? ഋഷ്യശൃംഗനെ കൊണ്ടുവന്ന് രാജ്യത്ത് മഴപെയ്യിക്കാൻ സ്വന്തം മകളെ അമ്മ കാഴ്ചവയ്ക്കുന്നു. അതും ഭരണകൂടത്തിന്റെ കുറ്റകരമായ സമ്മതത്തോടെ. ഇന്നത്തെ നിലയില്‍ വൈശാലിയുടെ തിരക്കഥയൊരുക്കിയ ജ്ഞാനപീഠജേതാവ് എം.ടിയെവരെ സ്ത്രീകൾക്കെതിരെ ഗൂഢാലോചന നടത്തിയതിന് പിടിച്ച് അകത്തിടാൻപറ്റിയ 'കേസാണ്'.
ആദാമിന്റെ വാരിയെല്ല് ഇതുവരെ നമുക്ക് ഒരു സ്ത്രീപക്ഷ സിനിമയായിരുന്നു. കെ.ജി.ജോർജ് കാണാത്ത ഭാവതലങ്ങൾ നൽകി ആ സ്ത്രീപക്ഷ സിനിമയ്ക്കും നിങ്ങൾ മാർക്കിടും. അടുക്കളയിലും കിടപ്പറയിലുമായി ജീവിതംതീരുന്ന സ്ത്രീകളെ, ആ സ്ത്രീവിരുദ്ധതയ്ക്കെതിരെ സിനിമയിൽനിന്നുതന്നെണ്ടായ ശക്തമായ ഇടപെടലായിരുന്നു ആദാമിന്റെ വാരിയെല്ലെന്നത് ഇവിടത്തെ സ്്ത്രീപക്ഷ ചലച്ചിത്ര നിരൂപകർവരെ എഴുതിവച്ചിട്ടുണ്ട് (ഇനി മാറ്റിപറയുമോ ആവോ?) . അതേ സിനിമാമേഖലയിൽനിന്നുതന്നെ ഇന്ന് സിനിമയ്ക്കുനേരെ അതും ഒരു സ്ത്രീയുടെ ഭാഗത്തുനിന്ന് വിമർശനമുണ്ടാകുമ്പോൾ ക്രിയാത്മകമാകണ്ടേ..? ആക്ടിവിസവും അഭിനയവും രണ്ടാണ്. അഭിനയിച്ചുകൊണ്ടും ഒരാൾക്ക് ആക്ടിവിസ്റ്റാകാം. അതിനുപക്ഷെ അതേ മാധ്യമംതന്നെ പ്രയോജനപ്പെടുത്തുമ്പോഴേ സത്യസന്ധതയുണ്ടെന്ന് കരുതാനാകൂ. അല്ലെങ്കിൽ സിനിമയുടെ ഗ്ളാമർവിട്ട് പുറത്തേക്കിറങ്ങണം. വെയിൽ കൊള്ളണം. അങ്ങനെ
വെയിൽകൊണ്ടവരിൽ പലരും ആ സാമൂഹ്യ ഇടപെടല്‍ എക്കാലവും നന്നായി ചെയ്തിട്ടുമുണ്ട്. പക്ഷെ ഇവിടെ സംഭവിച്ചത് മറ്റൊന്നാണ്. ഉപയോഗിക്കാൻ കഴിയുന്ന സ്ഥലവും സാഹചര്യവും സന്ദർഭങ്ങളും പരമാവധി പ്രയോജനപ്പെടുത്തുകയെന്നതാണത്. സിനിമയ്ക്കുമപ്പുറം വളർന്ന നവമാധ്യമങ്ങളുടെ വലിയ കാൻവാസിൽ അവർ അപ്പോൾ പുതിയ ചിത്രങ്ങൾ വരയ്ക്കും. അവിടെ പക്ഷെ നിലപാടുകളിലെ സത്യസന്ധത ജനം ചോദ്യംചെയ്യും. അതിനെയും സ്ത്രീവിരുദ്ധതയെന്ന് പറഞ്ഞ് സാമാന്യവൽക്കരിക്കുകയെന്നാൽ യഥാർഥ പ്രശ്നങ്ങളിൽനിന്ന് നിങ്ങൾ ഒളിച്ചോടുകയല്ലെ? സ്ത്രീകൾ അഭിമുഖീകരിക്കുന്ന യഥാർഥ പ്രശ്നം കസബയിലെയോ അല്ലെങ്കിൽ അതിന് സമാനമായ സിനിമകളിലെയോ അത്തരം രംഗങ്ങളാണോ?. എല്ലായിടങ്ങളിലും വലിയൊരളവിൽ പുരുഷന്‍ ഏൽപിക്കുന്ന പീഡനമുണ്ടെന്നത് സമ്മതിച്ചു. പക്ഷെ പൊതുവിടങ്ങളിലെ പീഡനവും കുടുംബങ്ങൾക്കുള്ളില്‍ സ്ത്രീകളെകൊണ്ടുപോലും സ്ത്രീകൾനേരിടുന്ന പ്രശ്നങ്ങളോ? അതിനെക്കുറിച്ചൊന്നും അറിയാതെ പഠിക്കാതെ പറയാതെ കസബയ്ക്കൊക്കെ പുറകേ പോകുന്നത് എന്ത് നിലപാടാണ്..? എന്താണതിലെ സത്യസന്ധത ?
റോഡരികിലെ ആ പഴയ 'അശ്ലീലം'
മുഖ്യധാര മലയാളസിനിമകളുടെയും ഇംഗ്ലീഷ് സിനിമകളുടെയും പിന്നെ ഇക്കിളിപ്പടങ്ങൾ അഥവ സംസ്കാരസമ്പന്നമായി പറഞ്ഞാൽ 'A' സിനിമകളുടെയും പോസ്റ്ററുകള്‍ ഒരുപോലെ റോഡരികിലെ ചുവരുകളിൽ തോളോടുതോൾചേർത്ത് ഒട്ടിച്ചിരുന്ന കാലമുണ്ടായിരുന്നു. ജില്ലകൾതോറും ആ ഇക്കിളിപ്പടങ്ങൾക്കായി തിയറ്ററുകളുമുണ്ടായിരുന്നു. തിരുവനന്തപുരത്തെ ശ്രീബാലയിൽതുടങ്ങി ജില്ലകൾതോറും അത്തരം തിയറ്ററുകൾ. കുറച്ചുവർഷങ്ങൾക്കുമുൻപ് തിരുവനന്തപുരത്തെ രാജ്യാന്തര ഫിലിംഫെസ്റ്റിവൽ വേദിയിൽ സർക്കാർ തിയറ്ററിന്റെ വാതിൽ ജനത്തിരക്കിൽ പൊളിഞ്ഞതും ഇതോടൊപ്പം ചേർത്തുവായിക്കണം. എല്ലാ അർത്ഥത്തിലും ചില കാഴ്ചപ്പാടുകളുടെകൂടി പൊഴിച്ചെഴുത്തായിരുന്നു അത്. അപ്പോഴും കാമസൂത്രയ്ക്കും ഫയറിനും പിയാനോ ടീച്ചറിനും ദ വേവാർഡ്് ക്്ളൗഡിനുമെല്ലാം പിന്തുടർച്ചകളുണ്ടായി.
ഏതായാലും ഇവിടത്തെ മുഖ്യധാര സിനിമകൾക്കൊപ്പം നിലനിന്ന ഇക്കിളിമപടങ്ങളുടെ പോസ്റ്ററുകൾ ഇപ്പോഴങ്ങനെയില്ല. ശ്രീബാല ഉൾപ്പടെയുള്ള തിയറ്ററുകൾ പൂട്ടി. പക്ഷെ ഫെസ്റ്റിവൽ ഇന്നും തുടരുന്നു. അങ്ങനെയൊന്നുള്ളതുകൊണ്ട് നാം ഇന്നും ലോകസിനിമകൾ കാണുന്നു. വ്യത്യസ്ത സംസ്കാരങ്ങളും ഭാഷയും ഇടപെടലുകളും രാഷ്ട്രീയവും സ്ത്രീ സിനിമകളും സ്ത്രീ പക്ഷനിലപാടുകളും അടുത്തറിയുന്നു. ആ രീതിയിൽ ഒരുതരത്തിൽ പുതിയ പ്രേക്ഷകർക്കുള്ള വിദ്യാഭ്യാസവും കൂടിയാണ് ഫെസ്റ്റിവൽ.
ഒളിച്ചുവയ്ക്കപ്പെടുന്നത് എന്തോ അതാണ് അന്നും ഇന്നും കുടുംബങ്ങളിൽ 'അശ്ലീല'ത്തിന്റെ നിർവചനം. പക്ഷെ വിദ്യാഭ്യാസപരമായും സാംസ്കരികമായും മലയാളി ഇന്ന് ഒരുപാട് മുന്നേറിക്കഴിഞ്ഞു. റോഡരികിലെ ആ പഴയ 'അശ്ലീലം' ഇന്ന് ആഢ്യത്വത്തോടെ മലയാളിയുടെ മൊബൈൽ ഫോണിലുണ്ട് . അതും എച്ച്.ഡി. ദൃശ്യസമ്പന്നതയോടെ. പിന്നാലെയാണ് സ്ത്രീവിരുദ്ധതയെക്കുറിച്ചുള്ള നമ്മുടെ പ്രസംഗം..!
No comments
Post a Comment