ചില ചിത്രങ്ങള്‍ കാരണം ഏഴുകൊല്ലമായി ദുരിതം അനുഭവിക്കുന്ന നടി

പാക്കിസ്താന്‍ അഭിനേത്രിയായ മീര അതീഖ് ഉര്‍ റഹ്മാന്‍ എന്ന ബിസിനസ്സുകാരൻ മൂലം ഏഴുവർഷമായി കോടതി കയറി ഇറങ്ങുകയാണ്. മീരയുടെ ഭർത്താവാണെന്ന വാദവുമായി 2009 ൽ ആണ് അതീഖ് രംഗത്തെത്തിയത്. 2007 ൽ ഒരു സ്വകാര്യച്ചടങ്ങിൽ വെച്ചാണ് തങ്ങൾ വിവാഹിതരായതെന്നും ആ സംഭവത്തിന് മീരയുടെ ബന്ധുക്കളും സാക്ഷികളാണെന്നും അദ്ദേഹം വാദിക്കുന്നു. വിവാഹം കഴിഞ്ഞിട്ടും അവിവാഹിതയാണെന്നാണ് മീര ആരാധകരോട് പറയുന്നത്. ഇതിൽ തനിക്കു വിഷമമുണ്ടെന്നും നീതിലഭിക്കാൻ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മീര വിദേശത്തു പോകുന്നതു തടയണം, കന്യകാത്വ പരിശോധന നടത്തണം, തന്നിൽ നിന്നു വിവാഹമോചനം നേടിയ ശേഷമേ മറ്റൊരു വിവാഹം കഴിക്കാൻ മീരയെ അനുവദിക്കാവൂ എന്നീ ആവശ്യങ്ങളുമായാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. എന്നാൽ കന്യകാത്വ പരിശോധന നടത്തണമെന്ന ആവശ്യം കോടതി അന്നു തന്നെ നിരസിച്ചു. അതീഖ് ഹാജരാക്കിയ വിവാഹ സർട്ടിഫിക്കറ്റിനെ ചോദ്യം ചെയ്തുകൊണ്ട് 2010 ൽ മീര കോടതിയിൽ ഹർജി നൽകിയിരുന്നു.
''നീണ്ട ഏഴുവർഷമായി സത്യം തെളിയിക്കാൻ ഞാൻ കോടതികയറിയിറങ്ങുന്നു. വിവാഹം കഴിഞ്ഞിട്ടില്ല എന്നു തെളിയിക്കുന്നതിനായി ഒരു സ്ത്രീക്ക് എന്തൊക്കെ ബുദ്ധിമുട്ടുകളാണ് സഹിക്കേണ്ടി വരുന്നത്. സെലിബ്രിറ്റികളും മനുഷ്യരാണ്. പ്രശസ്തരാകുവാൻ വേണ്ടി ചിലർ ഇങ്ങനെയുള്ള നുണകൾ പ്രചരിക്കുമ്പോൾ അതെങ്ങനെ അനുവദിച്ചുകൊടുക്കാനാകും''. - മീര ചോദിക്കുന്നു.
മീരയുടെ ഭർത്താവെന്ന് പറയുന്ന ആൾ ഹാജരാക്കിയ വിവാഹരേഖകൾ വ്യാജമാണോ അല്ലയോ എന്നു പൂർണ്ണമായും തെളിയിക്കപ്പെട്ടിട്ടില്ല എന്നും. എന്നെങ്കിലും അയാൾ മീര ഭാര്യയാണെന്നു തെളിയിക്കുകയാണെങ്കിൽ പിന്നീടു വരുന്ന നിയമനടപടികൾ നേരിടാൻ മീര ബാധ്യസ്തയാണെന്നും അദ്ദേഹം പറഞ്ഞു.  ഇരുകൂട്ടരും പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിച്ചു തീർക്കണമെന്നും അദ്ദേഹം പറഞ്ഞു. 2017 ഡിസംബറോടെ ഇക്കാര്യത്തിൽ അന്തിമ വിധിയുണ്ടാകും.

No comments