വെറുംവയറ്റിൽ കാപ്പി കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്....
രാവിലെ ഉറക്കമുണർന്നെഴുന്നേറ്റ ഉടനെ, അതായത് വെറുംവയറ്റിൽ എന്തെല്ലാം കഴിക്കാമെന്ന ധാരണ നമുക്കൊക്കെ ഉണ്ടെങ്കിലും എന്തെല്ലാം കഴിക്കരുതെന്നു പലപ്പോഴും ആരും പറഞ്ഞു തരാറില്ല. നമ്മൾ ചിലപ്പോഴെങ്കിലും രാവിലെ കഴിക്കാറുള്ള കട്ടൻകാപ്പി, ജ്യൂസുകൾ ഇവയൊന്നും അകത്താക്കുന്നത് അത്ര നല്ലതല്ലെന്നാണ് ഭക്ഷണ വിദഗ്ധർ പറയുന്നത്. മാത്രമല്ല, ഉറക്കമുണർന്ന് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞു പ്രഭാത ഭക്ഷണം കഴിക്കുന്നതാണ് നല്ലതെന്നു പ്രമുഖ ന്യൂട്രീഷനിസ്റ്റ് ഡോ. രുപാലി ദത്ത.
രാവിലെ വെറുംവയറ്റിൽ കഴിക്കരുതാത്ത ആറു ഭക്ഷണ സാധനങ്ങൾ ഇത്തവണ പരിചയപ്പെടാം.
1. മസാല ഭക്ഷണം
ആദ്യ ഭക്ഷണം അമിതമായി മസാല കലർന്നതും സ്പൈസിയുമാകുന്നതു നല്ലതല്ല. ഇവ സ്ഥിരമായി കഴിക്കുമ്പോൾ ആമാശയത്തിനുള്ളിലെ നേർത്ത ആവരണത്തെ മുറിവേൽപിക്കാൻ സാധ്യതയുണ്ട്. അസിഡിക് പ്രശ്നങ്ങളും ദഹനക്കേടും രോഗങ്ങളായി പിറകേ വരികയും ചെയ്യും.
2. അമിത മധുരം കലർന്ന ഭക്ഷണം
ഒരു ഗ്ലാസ് ജ്യൂസ് കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കുന്നത് ആരോഗ്യകരമാണെന്ന് വിശ്വസിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, നീണ്ട ഉറക്കത്തിനു ശേഷം പതുക്കെ ‘എഴുന്നേൽക്കുന്ന’ പാൻക്രിയാസിന് അനാവശ്യ പണി കൊടുക്കുകയാണ് ഇതുകൊണ്ട് ചെയ്യുന്നതെന്നു പലരും അറിയുന്നില്ല. ഫ്രക്ടോസിന്റെ രൂപത്തിൽ ജ്യൂസുകളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര കരളിനും ഇഷ്ടപ്പെടില്ല. സ്മൂതീസ്, ടെട്രാ പായ്ക്കറ്റ് ജ്യൂസ് എന്നിവയാണെങ്കിൽ പിന്നെ പറയുകയും വേണ്ട.
3. സോഫ്റ്റ് ഡ്രിങ്ക്സും കാനിൽ അടച്ച പാനീയങ്ങളും
കാനിൽ അടച്ചു സൂക്ഷിക്കുന്ന പാനീയങ്ങൾ അഥവാ ഏറേറ്റഡ് ഡ്രിങ്ക്സ് ദിവസത്തിൽ ഏതു നേരത്തായാലും നല്ലതല്ല. പക്ഷേ, വെറുംവയറ്റിൽ കഴിച്ചാൽ ഉണ്ടാകുന്നതു ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. പാനീയത്തിൽ അടങ്ങിയ കാർബണേറ്റഡ് ആസിഡുകൾ ആമാശയത്തിലെ ആസിഡുകളുമായി ചേർന്നു വയറുവേദന, മനംപുരട്ടൽ, ഗ്യാസ് ട്രബിൾ എന്നിവ ഉണ്ടാക്കും.
4. സിട്രസ് പഴങ്ങൾ
സിട്രിക് ആസിഡ് അടങ്ങിയ പഴവർഗങ്ങൾ വെറുംവയറ്റിൽ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇത്തരം പഴങ്ങളിൽ അധികമായി അടങ്ങിയിരിക്കുന്ന ഫൈബ൪ ദിവസം മുഴുവൻ ദഹനപ്രക്രിയയുടെ വേഗം കുറയ്ക്കാനെ ഉപകരിക്കൂ. ഓറഞ്ച്, നാരങ്ങ, പേരയ്ക്ക തുടങ്ങിയ പഴങ്ങളും അതിരാവിലെ ഒഴിവാക്കുന്നതാണ് നല്ലത്.
5. വേവിക്കാത്ത പച്ചക്കറികൾ
വേവിക്കാത്ത പച്ചക്കറികളും ഇതുപയോഗിച്ചുണ്ടാക്കുന്ന സാലഡുകളും ദിവസത്തെ ആദ്യഭക്ഷണമാക്കരുത്. ഇവയിൽ ഏറെ അടങ്ങിയ ഫൈബ൪ വയറിന് അധികഭാരമാണ് നൽകുക. ഗ്യാസ് ട്രബിൾ, വയറുവേദന എന്നിവ ഉണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധ൪ പറയുന്നു.
6. കാപ്പി
കാപ്പി കുടിച്ചു ദിവസം തുടങ്ങാനാണ് നമുക്കൊക്കെ ഇഷ്ടം. ഉറക്കച്ചടവു മാറി നല്ല ഉൻമേഷവും തരും കാപ്പി. ഇതൊക്കെ ശരിയാണെങ്കിലും വെറുംവയറ്റിൽ കാപ്പി അകത്താക്കുമ്പോൾ ചിലരിലെങ്കിലും ആമാശയത്തിലെ അസിഡിറ്റിക്കു കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആമാശയത്തിലെ ഹൈഡ്രോക്ലോറിക് ആസിഡിന്റെ ഉൽപാദനത്തെ കാപ്പി ത്വരിതപ്പെടുത്തുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
No comments
Post a Comment