ന്യൂയോര്‍ക്ക്: ഫേസ്ബുക്കിലെ റഷ്യന്‍ സാന്നിധ്യത്തില്‍ ഫേസ്ബുക്ക് മുന്‍കരുതല്‍ എടുക്കുന്നു. റഷ്യന്‍ സ്വാദീനം തടയാന്‍ പുതിയ ടൂള്‍ നിര്‍മ്മിക്കുമെന്നാണ് ഫേസ്ബുക്ക് പറയുന്നത്. റഷ്യന്‍ പ്രചരണോദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്നവയാണോ ഉപയോക്താക്കള്‍ ഇടപെടുന്ന പേജുകള്‍ എന്ന് കാണാന്‍ സാധിക്കുന്ന സംവിധാനമാണ് ഒരുക്കുന്നത്. ഇതുവഴി ഉപയോക്താക്കള്‍ ലൈക്ക് ചെയ്ത പേജുകള്‍ റഷ്യന്‍ പിന്തുണയോടെയുള്ളതാണോ എന്ന് ഉപയോക്താക്കള്‍ക്ക് അറിയാന്‍ സാധിക്കും.
ഫേസ്ബുക്ക് ഹെല്‍പ് സെന്‍ററില്‍ ഈ വര്‍ഷം അവസാനത്തോടെ പുതിയ ടൂള്‍ ലഭ്യമാവുമെന്ന് ഫെയ്‌സ്ബുക്ക് പ്രസ്താവനയില്‍ അറിയിച്ചു. അമേരിക്കയുടെ ജനാധിപത്യത്തെ താഴ്ത്തിക്കെട്ടുന്നതിനായുള്ള ദുരുദ്ദേശ പരമായ ഇടപെടലുകളെ ചെറുക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നീക്കമെന്നും ഫെയ്‌സ്ബുക്ക് കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ ഏജന്‍സികള്‍  2016 ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഇന്‍റര്‍നെറ്റ് വഴി സ്വാധീനം ചെലുത്തിയ സംഭവത്തില്‍ ഫെയ്‌സ്ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍ പോലുള്ള സ്ഥാപനങ്ങള്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. റഷ്യന്‍ ഏജന്‍സികള്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നതിനായി പ്രചരിപ്പിച്ച പ്രചരണ സന്ദേശങ്ങളും പരസ്യങ്ങളും ഫേസ്ബുക്കിന്‍റെ 12.6 കോടിയോളം ഉപയോക്താക്കളിലേക്കെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതെ തുടര്‍ന്ന് രാഷ്ട്രീയ പരസ്യങ്ങളുടെ സുതാര്യത ഉറപ്പ് വരുത്തുന്നതിനായി ശക്തമായ നിയന്ത്രണ-നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഗൂഗിള്‍ അടക്കമുള്ള ഇന്‍റര്‍നെറ്റ് കമ്പനികള്‍.

No comments