കേരളത്തില്‍ സുനാമി സാധ്യത!!; വാസ്തവം ഇതാണ്

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് വൈകിട്ട് സൂനാമിയടിക്കും, പൂന്തുറ, വേളി, ശംഖുമുഖം ഭാഗത്ത് നിന്ന് ജനങ്ങള്‍ ഒഴിയണം... വാട്‌സ് ആപ്പിലും ഫേസ്ബുക്കിലുമായി നടക്കുന്ന പ്രചരണമാണിത്.  ഇത് ശ്രദ്ധയില്‍പ്പെട്ട  സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സംസ്ഥാനത്തെ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.  ഇത്തരം വ്യാജ സന്ദേശങ്ങളില്‍ ജനം പരിഭ്രാന്തരാകരുതെന്നും അധികൃതര്‍ അറിയിച്ചു.
എന്നാല്‍ ഇക്കാര്യങ്ങളൊന്നും പ്രചാരണത്തിന് അന്ത്യം കുറിച്ചിട്ടില്ല. പത്രസ്ഥാപനങ്ങളില്‍ സുനാമി സാധ്യത ഉണ്ടോ എന്ന തരത്തില്‍ ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുന്നു. യഥാര്‍ഥത്തില്‍ ഇതിന് പിന്നില്‍ ഏതോ ഒരു ഓണ്‍ലൈന്‍ വിരുതന്റെ തമാശയാണ്. ഇത്തരം സന്ദേശങ്ങള്‍ വാട്‌സ് ആപ്പ് വഴിയാണ് കൂടുതല്‍ പ്രചരിക്കുന്നത്. ഞായറാഴ്ച്ച വേളി ഭാഗത്ത് കണ്ട വാട്ടര്‍ സ്പൗട്ട് പ്രതിഭാസത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് പ്രചാരണങ്ങള്‍ക്ക് ആധാരം. ഇതിന് പിന്നാലെയായിരുന്നു സുനാമി മുന്നറിയിപ്പ് സന്ദേശങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.
യഥാര്‍ഥത്തില്‍ എന്താണ് വാട്ടര്‍ സ്പൗട്ട്... 
കടല്‍ ടൊര്‍ണാഡോ എന്നറിയപ്പെടുന്ന പ്രതിഭാസമാണിത്. അനക്കാല്‍ (കരിംചുഴലി) എന്ന പേരുകളില്‍ അറയുന്ന പ്രതിഭാസം തുലാവര്‍ഷക്കാലത്ത് പതിവാണ്. ഇക്കാര്യം മത്സ്യത്തൊഴിലാളികളും ശരിവയ്ക്കുന്നു. ശക്തമായ ഇടിമിന്നല്‍ മൂലം മേഘങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന മര്‍ദ്ദ വ്യത്യാസമാണ് വാട്ടര്‍ സ്പൗട്ടിന് കാരണമാകുന്നത്. കഴിഞ്ഞ വര്‍ഷം ശംഖുമുഖത്തും ഇതേ പ്രതിഭാസം പ്രത്യക്ഷപ്പെട്ടിരുന്നു. കടല്‍വെള്ളം ഫണല്‍ പോലെ ഉയരുകയും ചിലപ്പോള്‍ കടല്‍ ചെറിയ തോതില്‍ ക്ഷോഭിക്കാനും ഈ പ്രതിഭാസം കാരണമായേക്കാം. ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കുമെന്നും ഇത്തരം വ്യജവാര്‍ത്തകള്‍  പ്രചരിപ്പിക്കുന്നതില്‍ നിന്നും പിന്തിരിയണമെന്നും അധികൃതര്‍ അറിയിച്ചു.

No comments